നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനു വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അഡ്വ. രാംകുമാര്‍ നിരത്തിയത് പൊലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന മറുവാദങ്ങള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കിലും ദിലീപിന് ശിക്ഷ നേടിക്കൊടുക്കാന്‍ വരുംനാളുകളില്‍ പ്രോസിക്യൂഷനു സാധിക്കില്ലായെന്നു സൂചനയായിരുന്നു രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നിന്ന് ലഭിക്കുന്നത്.
ദിലീപിനെതിരെ തെളിവിന്റെ തുമ്പു പോലുമില്ലെന്ന വാദമാണ് അഡ്വ. രാംകുമാര്‍ കോടതിയില്‍ ജാമ്യാപേക്ഷയില്‍ പ്രധാനമായും ഉന്നയിച്ചത്. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ദിലീപിന്റെ അറസ്റ്റെന്നും സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ 19 പോയിന്റുകളാണ് രേഖപ്പെടുത്തിയിരുന്നത്. ജാമ്യാപേക്ഷയില്‍, ഇവയില്‍ ഓരോന്നിനെയും വെവ്വേറെ അഡ്വ. രാംകുമാര്‍ ചോദ്യം ചെയ്തു. പൊലീസ് ഉന്നയിച്ച എട്ട് കാര്യങ്ങളുമായി ദിലീപുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും സ്റ്റാഫിനും മറ്റും എതിരായ ആരോപണങ്ങളാണതെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ വിളിച്ചുവെന്നതിന് പൊലീസ് സമര്‍പ്പിച്ച കോള്‍ റെക്കോര്‍ഡുകളിലൊന്നും, സുനിയും ദിലീപും തമ്മില്‍ സംസാരിച്ചുവെന്നതിന്റെ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ മൊഴിയിലെ വൈരുധ്യങ്ങളാണ് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉള്ളത്. സുനിയെ തീരെ അറിയില്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പള്‍സര്‍ സുനിക്ക് ദിലീപുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. 2013 ഏപ്രിലില്‍ കൊച്ചി അബാദ് പ്ലാസ ഹോട്ടലില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ കൈവശമുണ്ട്.
അതേസമയം, അബാദ് പ്ലാസയില്‍ വെച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിധമാണെന്നും രാംകുമാര്‍ ചൂണ്ടിക്കാട്ടി. ആ ദിവസങ്ങളില്‍ അബാദ് പ്ലാസയില്‍ ‘അമ്മ’യുടെ യോഗം നടക്കുകയായിരുന്നു. ദിലീപ് മാത്രമല്ല, മറ്റ് പ്രമുഖ അഭിനേതാക്കളും അവിടെയുണ്ടായിരുന്നു. ഇക്കാര്യം മറച്ചുവെച്ച് ദിലീപ് അവിടെ ഉണ്ടായിരുന്ന കാര്യം മാത്രമാണ് പൊലീസ് പറയുന്നു. ഹോട്ടലില്‍ പള്‍സര്‍ സുനിയും ദിലീപും ഉണ്ടായിരുന്നു എന്നതല്ലാതെ, ഇരുവരും ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.