ഇന്ത്യൻ കൊടുങ്കാറ്റിൽ കടപുഴകുന്ന ശ്രീലങ്കയെ ആണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കാണാൻ കഴിയുന്നത് .ശ്രീലങ്കക്ക് വൻ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ സ്‌കോർ ആയ 487 റൺസിന് മറുപടിയായി ഇറങ്ങിയ ലങ്കക്ക് 127 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഓപ്പണർ ദിനേഷ് ചാന്ദിമൽ (48), നിരോഷാൻ ഡിക്വെല്ല (29) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേർന്നാണ് ലങ്കൻ ബാറ്റ്സ്മാൻമാരെ വീഴ്ത്തിയത്. പാണ്ഡ്യെയും അശ്വിനും ഓരോ വിക്കറ്റെടുത്തു. രണ്ട് വിക്കറ്റ് ബാക്കിയിരിക്കെ 360 റൺസ് പിറകിലാണ് ശ്രീലങ്ക.
ആറു വിക്കറ്റ് നഷ്ടത്തിൽ 329 റൺസെന്ന നിലയിലാണ് ഇന്ന് ഇന്ത്യ കളത്തിലെത്തിയത്. സെഞ്ച്വറി നേടിയ ശിഖർ ധവാനും അർധ സെഞ്ച്വറി തികച്ച ലോകേഷ് രാഹുലുമാണ് (85) ഇന്ത്യയെ ഇന്നലെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ക്യാപ്റ്റൻ കോഹ്ലി (42), അശ്വിൻ (31), രഹാനെ (17), പുജാര (എട്ട്) എന്നിവർ ആദ്യ ദിവസം തന്നെ പുറത്തായിരുന്നു
കന്നി ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യയുടെ പുതിയ താരോദയം ഹാർദിക് പാണ്ഡ്യയായിരുന്നു (108) ഇന്നത്തെ ആകർഷണം . ഐ പി എൽ ഹാങ്ങോവർ വിട്ടുമാറാതെ ,ട്വൻറി20 ശൈലിയിൽ ബാറ്റ് വീശിയ പാണ്ഡ്യ ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു .മലിന്ദ പുഷ്പകുമാരയുടെ ഒരറ്റ ഓവറിൽ പാണ്ഡ്യ അടിച്ചെടുത്തത് 26 റൺസ് ആണ്. ഇതോടെ ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും പാണ്ട്യ കരസ്‌ഥമാക്കി .
27 വർഷം മുമ്പ് കപിൽ ദേവ് നേടിയ 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യ തകർത്തത്. 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടുന്നതായിരുന്നു ഹർദികിന്റെ ഇന്നിങ്സ്. ലഞ്ച് കഴിഞ്ഞ ഉടനെ പാണ്ഡ്യെ പുറത്താവുകയായിരുന്നു. പത്താം വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസാണ്സ്കോ ർബോർഡിലേക്ക് കൂട്ടിച്ചേർത്തത്. ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.
കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരെ ഒരു വശത്ത് നിർത്തി പാണ്ഡ്യെ ഇന്ത്യക്കായി റണ്ണൊഴുക്കി. വൃദ്ധിമാൻ സാഹ (13), കുൽദീപ് യാദവ് (26), മുഹമ്മദ് ഷാമി (എട്ട്) എന്നിവർ പെട്ടെന്ന് പുറത്തായിരുന്നു. ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെയായിരുന്നു പാണ്ഡ്യയുടെ സെഞ്ചുറി. പാണ്ഡ്യയുടെ സെഞ്ചുറി തടയാനായി ശ്രീലങ്ക തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ഉമേഷ് യാദവിനെ ലക്ഷ്യമിട്ട് ലങ്ക സമ്മർദ തന്ത്രങ്ങൾ ഒരുക്കിയെങ്കിലും വിജയിച്ചില്ല.