ഗാന്ധിജിയെ മാറ്റി ചര്‍ക്കയില്‍ നൂല്‍ നൂക്കുന്ന മോദിയുടെ ചിത്രവുമായി ഖാദി കമ്മീഷൻ

ഖാദി കമ്മീഷന്റെ കലണ്ടറിലും ഡയറിയലും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പടത്തിന് പകരം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പടം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീനപ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തികഞ്ഞ അല്പത്തരവും വിവരമില്ലായ്മയുമാണിത്. ചര്‍ക്കയില്‍ നിന്ന് നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് അതേ പോലെ ചര്‍ക്കയില്‍ നൂല്‍ നൂക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണ് അച്ചടിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഹൂങ്കില്‍ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ല. ഗാന്ധിജി സ്വന്തം വസ്ത്രത്തിനായി സ്വയം നൂല്‍ നൂല്‍ക്കുമായിരുന്നു. മോദി പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിച്ചതു കൊണ്ട് ആ മഹത്വമൊന്നും കിട്ടുകയില്ലെന്ന് തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ (കെവിഐസി )ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അച്ചടിച്ചത് രാഷ്ട്രപിതാവിനോട് കാട്ടിയ ഏറ്റവും വലിയ അവഹേളനമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഖാദി കമ്മീഷന്‍ ചെയര്‍മാന്‍ നല്‍കിയ വിശദീകരണം പരിഹാസ്യവും ബാലിശവുമാണ്. തലമുറകളായി ഇന്ത്യാക്കാരുടെ മനസ്സില്‍ പതിഞ്ഞിട്ടുള്ള ചിത്രമാണ് ചര്‍ക്ക തിരിക്കുന്ന ഗാന്ധിജിയുടേത്. അതിനുപകരം ചര്‍ക്ക തിരിക്കുന്ന മോഡിയുടെ ചിത്രം പ്രതിഷ്ഠിച്ചത് തികഞ്ഞ ഗാന്ധിനിന്ദയാണ്. ഖാദി കമ്മീഷനും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ നരോന്ദ്രമോഡി സര്‍ക്കാരും തെറ്റ് തിരുത്തി ജനങ്ങളോട് മാപ്പ് പറയാന്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.