സംഘപരിവാറിനെതിരെ മതേതര ചേരി ശക്തിപ്പെടേണം- പന്ന്യൻ രവീന്ദ്രൻ

സി പി ഐ നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമീപകാലത്ത് സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ അതിഭീകര അസഹിഷ്ണതയാണ് നടമാടുന്നതെന്നും, ഇതിനെതിരെ പ്രതികരിക്കാന്‍ മതേതര ചേരി ശക്തിപ്പെടണമെന്നും പന്ന്യന്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

ഉത്തരേന്ത്യയില്‍ നിന്നും അസഹിഷ്ണുത ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുകയാണ്. അവസാനമായി സംവിധായകന്‍ കമലിനും എഴുത്തുകാരനായ എം ടിക്കെതിരെയും ഉണ്ടായ ഭീഷണിയും വിലക്കും അതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രമുഖ സംവിധായകനുമായ കമല്‍ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളയാളും അതിനാല്‍ പാകിസ്താനിലേക്ക് പോകണമെന്നുമുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിലും ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇരുവരും ചര്‍ച്ച ചെയ്തു.

സംഘപരിവാറിന്റെ അസഹിഷ്ണുത രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, മുഹമ്മദലി ശിഹാബ് ഐ എ എസ്, എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹ് മദ് സാജു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.