ലക്ഷക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്തെ ദീപാരാധനയ്ക്ക് ശേഷം വൈകീട്ട് 6.40ഓടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മലയുടെ നെറുകയിൽ മകരജ്യോതി ഉയർന്നുതാഴ്ന്നതോടെ ഭക്തജനങ്ങൾ ശരണമന്ത്രം മുഴക്കി.നേരത്തെ പന്തളത്ത് നിന്നും ആഘോഷമായെത്തിയ തിരുവാഭരണ പേടകം വൈകീട്ട് ആറ് മണിയോടെ സന്നിധാനത്ത് എത്തി. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി.പിന്നീട് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ഇതിനുശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.സന്നിധാനത്തിന് പുറമേ പാഞ്ചാലിമേട്, പരുന്തംപാറ, പുല്ലുമേട് തുടങ്ങിയ പ്രദേശങ്ങളിലും മകരവിളക്ക് ദർശനത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ തടിച്ചുകൂടിയിരുന്നു.