മിഷേൽ ഷാജിയുടെ മരണം കൊലപാതകമോ?
സിഎ വിദ്യാർഥിയായ മിഷേൽ ഷാജി കൊച്ചി∙ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മിഷേലിന്റെ അകന്ന ബന്ധുവായ യുവാവ് പൊലീസ് പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തി. പിറവം സ്വദേശിയായ ക്രോണിൻ അലക്സാണ്ടർ ബേബിയാണ് അറസ്റ്റിലായിരിക്കുന്നത്.മിഷേലിന്റെ അകന്ന ബന്ധു കൂടിയായ ഇയാൾക്ക് മിഷേലുമായി രണ്ടുവർഷത്തെ അടുപ്പമുണ്ടായിരുന്നെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എഡിജിപി നിതിൻ അഗർവാളാണ് മിഷേലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയമിച്ചതായി ഡിജിപി അറിയിച്ചു.
മിഷേലുമായി അടുപ്പമുണ്ടായിരുന്നെന്നു യുവാവ് മൊഴി നൽകി
മിഷേൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന നിഗമനത്തിൽ പൊലീസ് എത്തിയത് ക്രോണിനെ ചോദ്യം ചെയ്തതിനു ശേഷമാണ്. രണ്ടുവർഷമായി മിഷേലുമായി അടുപ്പമുണ്ടായിരുന്നെന്നു യുവാവ് മൊഴി നൽകിയിരുന്നു. ഈ അടുപ്പത്തിൽനിന്നുണ്ടായ സമ്മർദ്ദമാകാം ആത്മഹത്യയ്ക്കു പിന്നിലെന്നാണു പൊലീസ് ഭാഷ്യം. ആത്മഹത്യയ്ക്കു കാരണം അടുപ്പത്തിലെ അസ്വാരസ്യങ്ങളാണെന്നും ഇയാൾ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. താൻ ചില തീരുമാനങ്ങൾ എടുത്തെന്നു മരണദിവസം മിഷേൽ പറഞ്ഞെന്നാണ് ഇയാളുടെ മൊഴി. എന്താണെന്നു തിങ്കളാഴ്ച അറിയാമെന്നും പറഞ്ഞിരുന്നതായി ക്രോണിൻ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.