മണിപ്പൂരിന്റെ ഉരുക്കുവനിത അട്ടപ്പാടിയിൽ
മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഇറോം ചാനു ശർമിള ചൊവ്വാഴ്ച അട്ടപ്പാടിയിലെത്തും. തെരഞ്ഞെടുപ്പുഫലം നൽകിയ നിരാശയിൽനിന്ന് മുക്തി തേടിയാണ് മണിപ്പൂരിന്റെ ഉരുക്കുവനിത അട്ടപ്പാടിയിലെത്തുന്നത്.
തെരഞ്ഞെടുപ്പുഫലത്തിന് ശേഷം ഇറോം ശർമിള കേരളത്തിലേക്ക് വരുമെന്ന രീതിയിലുള്ള അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെയാണ് ഔദ്യോഗിക സ്ഥിരീകരണമായത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് കൊൽക്കത്തയിൽനിന്ന് വിമാനമാർഗം കേരളത്തിലേക്ക് തിരിച്ചത്. ബംഗളൂരു വഴി ചൊവ്വാഴ്ച രാവിലെ ഏഴോടെ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തും.ഇറോം ശർമിളയുടെ പി.ആർ.ജെ.എ പാർട്ടി ടിക്കറ്റിൽ മണിപ്പൂർ വാഗഭായിൽ മത്സരിച്ച നജീമ ബീബിയും ഇവർക്കൊപ്പമെത്തുന്നുണ്ട്.
തെരഞ്ഞെടുപ്പുഫലം വന്ന് വിശകലനങ്ങളും ചർച്ചകളും പുരോഗമിക്കവേ രാവിലെ ഒമ്പതോടെ ഷോളയൂർ പഞ്ചായത്തിലെ വട്ടുലക്കിയിലെ ശാന്തി ഇൻഫർമേഷൻ ആൻഡ് മെഡിക്കൽ സെൻററിൽ എത്തുന്ന ഇവർ പത്ത് ദിവസം അവിടെ ചെലവഴിക്കും. മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നെങ്കിലും 90 വോട്ടാണ് ഇവർക്ക് നേടാനായത്. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും മറ്റ് പ്രവർത്തനങ്ങളെ കുറിച്ച് മനസ്സ് തുറന്നിട്ടില്ല.
ഐ.ജെ.യു ഭാരവാഹി ബഷീർ മാടാലയുടെ ക്ഷണം- സ്വീകരിച്ചാണ് ഇറോം ശർമിള അട്ടപ്പാടിയിൽ എത്തുന്നത്. ഇവർക്കുവേണ്ട സുരക്ഷ അഗളിയിലും പ്രദേശത്തും ഒരുക്കിയിട്ടുണ്ട്. ഇറോം ശർമിളക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ അട്ടപ്പാടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.