രാസായുധ പ്ലാന്റ് സിറിയന്‍ സൈന്യം കണ്ടെത്തി

സിറിയയില്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന രാസായുധ പ്ലാന്റ് സൈന്യം കണ്ടെത്തി. കിഴക്കന്‍ ഗുട്ടായിലാണ് രാസായുധ പ്ലാന്റ് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.സന വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിഷലിപ്തമായ രാസമരുന്നുകളും ജയ്ഷ് അല്‍-ഇസ്ലാം എന്ന ഭീകര സംഘടനയെ സംബന്ധിക്കുന്ന വിവരങ്ങളും ഇവിടെ നിന്ന് ലഭിച്ചു. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തെന്നും യൂറോപ്പില്‍ നിന്നും സൗദിയില്‍ നിന്നുമൊക്കെയുള്ള ആയുധ നിര്‍മാണ വിദഗ്ധരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.ഭീകര സംഘടനകള്‍ രാസായുധ നിര്‍മാണത്തിലേര്‍പ്പെടുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുന്നതിന് സഹായം വേണമെന്നും ആവസ്യപ്പെട്ട് കഴിഞ്ഞയാഴ്ച മാത്രം നൂറിലേറ കത്തുകളാണ് സിറിയന്‍ സൈന്യം യുഎന്നിന് അയച്ചത്. 2012ലാണ് കിഴക്കന്‍ ഗുട്ടായുടെ നിയന്ത്രണം ഭീകരര്‍ പിടിച്ചെടുത്തത്. 10,000 മുതല്‍ 12,000 വരെ ഭീകരര്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് സൈനികരുടെ കണക്ക്.