കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സാക്കിർ നായിക്ക് ഇതുവരെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻെറ വാദത്തെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സമൻസുകൾ നായിക് കൈപറ്റുന്നില്ലെന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ഈ ആഴ്ചയാണ് ഇ.ഡി കോടതിയെ സമീപിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നായിക്കിനോട് ആവശ്യപ്പെട്ടതായും എന്നാൽ അദ്ദേഹം വിസമ്മതിക്കുകയുമായിരുന്നെന്നാണ് കേന്ദ്ര ഏജൻസി വ്യക്തമാക്കിയത്.
സാക്കിർ നായിക്കിനെ യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി. പ്രതികളെ കൈമാറ്റം ചെയ്യാനുള്ള ഇന്ത്യ- യു.എ.ഇ കരാർ മുൻനിർത്തിയായിരിക്കും നടപടിയെന്നും എജൻസി കോടതിയിൽ ബോധിപ്പിച്ചു. സാകിര്‍ നായികിന്‍െറ വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളിലും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലും നടന്ന പണമിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡി കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിക്കാൻ ഇഡി കോടതിയെ സമീപിച്ചത്.
മതസ്പര്‍ധക്ക് ശ്രമിച്ചു,യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നേരത്തെ സാകിര്‍ നായികിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തിരുന്നു.