മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൌഹാന്റെ സ്വന്തം ജില്ലയിൽ മൂന്നു കർഷകർ കൂടി ആത്മഹത്യ ചെയ്തു

mp farmers

കര്‍ഷകരോഷം അണപൊട്ടിയൊഴുകുന്ന മധ്യപ്രദേശില്‍ മൂന്നുകര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ഇതില്‍ ഒന്ന് മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൌഹാന്റെ സ്വന്തം ജില്ലയായ സിഹോറിലാണ്. മന്ദ്സോറിലെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ബുധനാഴ്ച സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങവെയാണ് വീണ്ടും ആത്മഹത്യ. ഹോഷംഗാബാദ് ജില്ലയിലെ 68കാരനായ മഖന്‍ലാലും വിദിശ ജില്ലയില്‍ ഹരിസിങ് ജാതവും സിഹോറില്‍ 55കാരനായ ദൂല്‍ചന്ദ് കീറുമാണ് ആത്മഹത്യ ചെയ്തത്.

കാര്‍ഷികവായ്പയുടെ പലിശ കുന്നുകൂടിയതോടെയാണ് അച്ഛന്‍ ആത്മഹത്യചെയ്തതെന്ന് മഖന്‍ലാലിന്റെ മകന്‍ രാകേഷ് ലോഹ്വന്‍ഷി പറഞ്ഞു. വിദിശ സ്വദേശിയായ ഹരിസിങ് ജാതവ് ഭോപാലിലെ ആശുപത്രിയിലാണ് മരിച്ചത്. കാര്‍ഷിക കടം തിരിച്ചടയ്ക്കാനാകാത്ത വിഷമത്തില്‍ അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജാതവിനെ രണ്ടുദിവസം മുമ്പാണ് ഭോപാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടമെടുത്ത ആറുലക്ഷം രൂപ തിരിച്ചടിക്കാന്‍ കഴിയാത്തതാണ് ഭൂല്‍ചന്ദ് കീറിന്റെ മരണകാരണമെന്ന് മകന്‍ ഷേര്‍സിങ് അറിയിച്ചു.