Wednesday, May 1, 2024
HomeKeralaബഹുരാഷ്ട്രഭീമനായ കൊക്കകോളക്കമ്പനി കേരളത്തിലെ പ്ളാന്റ് ഇനി തറുക്കില്ല

ബഹുരാഷ്ട്രഭീമനായ കൊക്കകോളക്കമ്പനി കേരളത്തിലെ പ്ളാന്റ് ഇനി തറുക്കില്ല

ഒന്നരപ്പതിറ്റാണ്ട് നീണ്ട ജനകീയ സമരത്തിന് മുന്നില്‍ ബഹുരാഷ്ട്രഭീമനായ കൊക്കകോളക്കമ്പനി കേരളത്തിലെ പ്ളാന്റ് ഇനി തറുക്കില്ലെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. നാല് വര്‍ഷം കൊണ്ട് നാല് പതിറ്റാണ്ടിന്റെ ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് ചിറ്റൂരിനെ മരുപ്പറമ്പാക്കിയ ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസ് ലിമിറ്റഡ് കമ്പനി എന്ന ആഗോളക്കുത്തക ഇനി പ്ളാച്ചിമടയിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. 1998ല്‍ കമ്പനി നിര്‍മാണം തുടങ്ങുകയും 2000 ല്‍ ഉല്‍പ്പാദനം തുടങ്ങുകയും ചെയ്ത കമ്പനി അനുവദനീയമായ അളവിലും പതിന്മടങ്ങ് ഭൂഗര്‍ഭജലം ഊറ്റിയെടുത്താണ് പ്രവര്‍ത്തിച്ചത്.

രണ്ടുവര്‍ഷം കൊണ്ടുതന്നെ പ്ളച്ചിമട, കമ്പാലത്തറ, വിജയനഗരം തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം തുടങ്ങി. 300 അടി കുഴിച്ചാല്‍ ജലം കിട്ടിയിരുന്ന ഇവിടെ 900 അടി ആഴത്തില്‍ കുഴല്‍ക്കിണര്‍ എടുത്താലും വെള്ളം കിട്ടാതായി. ലഭിക്കുന്ന വെള്ളത്തില്‍ അമ്ളാംശം കൂടുതലുള്ളതിനാല്‍ പല രോഗങ്ങള്‍ക്കും ഇടയാക്കി. പിന്നീടാണ് ഇതിന് കാരണം കോളക്കമ്പനിയുടെ അമിതമായ ജലചൂഷണമാണെന്ന് കണ്ടെത്തിയത്. പിന്നീട് ഇവിടെ ശാസ്ത്രീയ പഠനങ്ങളും തുടര്‍ന്നു. ഒടുവില്‍ ജനങ്ങള്‍ സംഘടിച്ച് സമരത്തിനൊരുങ്ങി.

സിപിഐ എമ്മും ഡിവൈഎഫ്ഐയും ഉള്‍പ്പെടെ പങ്കാളികളായി രൂപീകരിച്ച പ്ളാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ലോക ജലസമ്മേളനം സംഘടിപ്പിച്ച് പ്ളാച്ചിമട സമരത്തെ ലോക ശ്രദ്ധയിലെത്തിച്ചു. ഇതിന് പുറമേ നിരവധി സംഘടനകളും സമരവുമായി രംഗത്തുവന്നു. പ്ളാച്ചിമട ഐക്യദാര്‍ഢ്യ സമിതിയും കമ്പനിക്കെതിരെ സമരത്തിനുണ്ടായിരുന്നു. സമരം കത്തിപ്പടരുന്നതിനിടെ ജനങ്ങളുടെയും കര്‍ഷകരുടേയും പ്രതിഷേധം തണുപ്പിക്കുന്നതിന് കോളക്കമ്പനി സൌജന്യമായി വളം വിതരണം ചെയ്തു. എന്നാല്‍ വളം എന്ന് തെറ്റിദ്ധരിപ്പിച്ച് നല്‍കിയത് മാരക വിഷാംശമുള്ള മാലിന്യമായിരുന്നു. ഇതോടെ പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലെ മണ്ണും മലിനമായി. പിന്നെ കൃഷിയും നടക്കാതായി.

ജനവിരുദ്ധത തുടര്‍ന്നതോടെ പെരുമാട്ടി പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കി. എന്നാല്‍ ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. നിബന്ധനകളോടെ ലൈസന്‍സ് നല്‍കാന്‍ ഉത്തരവ് നേടി. ഉത്തരവിലെ വ്യവസ്ഥകള്‍ കമ്പനിക്ക് രസിച്ചില്ല. അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസില്‍ പെരുമാട്ടി പഞ്ചായത്തും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡും പ്ളാച്ചിമട ഐക്യദാര്‍ഢ്യസമിതി ഉള്‍പ്പെടെ എട്ടുപേര്‍ കക്ഷിചേര്‍ന്നു. ഇതാണ് വ്യാഴാഴ്ച സുപ്രീംകോടതി തീര്‍പ്പാക്കിയത്. കമ്പനിയുടെ ചരിത്രത്തിലാദ്യമാണ് ജനകീയ പ്രതിഷേധത്തില്‍ പ്ളാന്റ് പൂട്ടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments