കലാഭവൻ മണിയുടെ അസ്വാഭാവിക മരണത്തിൽ നടൻ ദിലീപിന് എന്തെങ്കിലും പങ്കുണ്ടോ?

kalabahavan Mani

നടൻ കലാഭവൻ മണിയുടെ അസ്വാഭാവിക മരണത്തിൽ നടൻ ദിലീപിന് എന്തെങ്കിലും പങ്കുണ്ടോ ? ഇത് അന്വേഷിക്കണമെന്ന മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണന്റെ പരാതി നൽകി. തുടർന്ന് സിബിഐ അന്വേഷണം ഇക്കാര്യത്തിൽ ആരംഭിച്ചു. ഹൈക്കോടതി ഉത്തരവനുസരിച്ചു മണിയുടെ മരണത്തെക്കുറിച്ചുള്ള കേസന്വേഷണം നേരത്തേ തന്നെ സിബിഐ ഏറ്റെടുത്തിരുന്നു.

സിനിമാ സംവിധായകനായ ബൈജു കൊട്ടാരക്കരയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നറിയാൽ ബൈജുവിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ദിലീപും മണിയും ചേർന്നു റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നതായും ബൈജു വെളിപ്പെടുത്തിയിരുന്നു.

മുൻപു കൊല്ലത്തെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു കലാഭവൻ മണിയെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന പരാതിയിൽ 2001ൽ ബൈജുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നതായി സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്.

മണി പല സ്ഥലങ്ങളിലും ഭൂമി വാങ്ങിയിരുന്നതായി കുടുംബാംഗങ്ങൾക്കും അറിയാമായിരുന്നു. എന്നാൽ അതിന്റെ പ്രമാണങ്ങൾ എവിടെയെന്നതടക്കമുള്ള വിവരങ്ങൾ അവർക്ക് അറിയില്ല. മണി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതു ദിലീപിനൊപ്പമാണെന്ന വിവരം ലഭിക്കുന്നതു ബൈജു കൊട്ടാരക്കരയിൽ നിന്നാണെന്നും അതെക്കുറിച്ചു നേരിട്ട് അറിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

നടപടി ക്രമങ്ങളുടെ ഭാഗമായി സിബിഐ ഓഫിസിലേക്കു ബൈജുവിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു. ആരോപണം സംബന്ധിച്ച് അറിയാവുന്ന മുഴുവൻ വിവരങ്ങളും കൈമാറാമെന്നു ബൈജു അറിയിച്ചതായി സിബിഐ കേന്ദ്രങ്ങൾ പറഞ്ഞു. ഇവയിൽ കഴമ്പുള്ളതായി തോന്നിയാൽ വിശദമായ അന്വേഷണം നടത്തും. ദിലീപും മണിയും ചേർന്നു നടത്തിയ ഭൂമി ഇടപാടുകളുടെ വിവരങ്ങൾ നൽകിയതു കോഴിക്കോടു സ്വദേശിനിയാണെന്നും ബൈജു മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപു ചാലക്കുടിയിലെ മണിയുടെ വിശ്രമകേന്ദ്രമായ പാടിയിലാണു സംശയകരമായ രീതിയിൽ മണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിറ്റേന്ന് ആശുപത്രിയിലായിരുന്നു മരണം.