നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം വളരെ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് നിർദേശം. തിരുവനന്തപുരത്ത് ചേർന്ന പൊലീസ് ഉന്നതതല യോഗത്തിൽ കേസ് അവലോകനം ചെയ്ത ശേഷമാണ് നിർദേശം നൽകിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പകരം ഡി.ജി.പി ശങ്കർ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു അവലോകന യോഗം. ഡി.ജി.പി, മേഖല എ.ഡി.ജി.പിമാർ, റേഞ്ച് ഐ.ജിമാർ, നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തലവൻ ഐ ജി ദിനേന്ദ്ര കശ്യപ്, എറണാകുളം റൂറൽ-സിറ്റി പൊലീസ് മേധാവികൾ എന്നിവരും പങ്കെടുത്തു. പ്രതിമാസ അവലോകന യോഗമായിരുന്നെങ്കിലും നടി കേസ് പ്രത്യേകം ചർച്ച ചെയ്തു. അന്വേഷണപുരോഗതിയിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തെ അഭിനന്ദിച്ചു. അതേസമയം, തെളിവുകൾ സംയോജിപ്പിക്കുന്നതിൽ കൃത്യത വേണമെന്നും നിർദേശിച്ചു. സർക്കാർ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലാകും തെളിവുകളുടെ ക്രോഡീകരണം. ലഭിച്ച മുഴുവൻ തെളിവുകളും ശാസ്ത്രീയ പരിശോധനക്കു ശേഷമാകും കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക. കേസിന്റെ ഇതുവരെയുള്ള പുരോഗതിയും തുടർനടപടികളും പ്രത്യേക അന്വേഷണസംഘം മേധാവി വിശദീകരിച്ചു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, മാതാവ് ശ്യാമള എന്നിവരിൽനിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എം.എൽ.എമാരായ മുകേഷ്, അൻവർ സാദത്ത് എന്നിവരെയും ഏതാനും രാഷ്ട്രീയ നേതാക്കളെയും സിനിമ മേഖലയിലെ ചിലരെയും ഉടൻ ചോദ്യംചെയ്യും. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. എന്നാൽ, അന്വേഷണം അനിശ്ചിതമായി നീട്ടരുതെന്ന കർശന നിർദേശവും സംഘത്തിന് ലഭിച്ചു. അതിനിടെ, ദിലീപിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി കോടതിയിൽ ഇന്ന് അപേക്ഷ നൽകാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. ആലുവ സബ് ജയിലിൽ റിമൻഡിലായിരുന്ന ദിലീപിന്റെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡി വെള്ളിയാഴ്ച അവസാനിക്കുന്നതിനാൽ വിശദ ചോദ്യംചെയ്യലിനും അവസാനവട്ട തെളിവെടുപ്പിനുമായി തുടർന്നും കസ്റ്റഡിയിൽ വിട്ടുതരണമെന്നാകും ആവശ്യപ്പെടുക. കേസിൽ ഇപ്പോൾ ലഭിച്ചതിലധികം തെളിവുകൾ ഇനി കിട്ടാനില്ലാത്ത സാഹചര്യത്തിലും മറ്റ് ഗൂഢാലോചനകൾ നടന്നതായി കണ്ടെത്താത്തതിനാലും അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.