മതപഠനത്തിനു പോയ മകന്‍ മടങ്ങിയെത്തിയപ്പോൾ കണ്ടത് അമ്മയുടെ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം. കുമ്പള പുതിഗെ എ കെ ജി നഗറിലാണു സംഭവം. കര്‍ണാടക സ്വദേശി ആയിഷ (52) ആണ് മരിച്ചത്. ആയിഷയുടെ മകന്‍ ബാസിത് ഒരാഴ്ചയായി മതപഠനത്തിനായി ചൗക്കി പെരിയടുക്കത്തായിരുന്നു. അവിടെ നിന്നു പഠിക്കുന്നതിനാല്‍ ആഴ്ചതോറുമാണ് ബാസിത് അമ്മയെ കാണാനെത്തിയിരുന്നത്. കര്‍ണ്ണാടക സ്വദേശികളായ ഇവര്‍ 11 വര്‍ഷമായി കേരളത്തില്‍ താമസമാക്കിയിട്ട്. മകന്‍ ബാസിത് പെരിയടുക്കയിലെ പള്ളിദര്‍സയില്‍ താമസിച്ചു പഠിക്കുകയായിരുന്നു. അമ്മയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു മകന്‍ വീട്ടില്‍ വന്ന് അന്വേഷിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മകന്‍ വീട്ടില്‍ എത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു. കല്ല്യാണ വീടുകളിലും മറ്റും ജോലിക്കു പോവാറുണ്ടായിരുന്ന ആയിഷ അങ്ങനെ എവിടെയെങ്കിലും പോയതായിരിക്കുമെന്ന് കരുതി ബാസിത് തിരിച്ചു പോവുകയായിരുന്നു.
പിന്നീട് മാതാവിന്റെ വിവരം ഒന്നുമില്ലാത്തതിനാല്‍ ബാസിത് വെള്ളിയാഴ്ച്ച രാത്രി വീണ്ടും വീട്ടിലേക്കു വന്നു. വീടിനു പരിസരത്ത് ദുര്‍ഗന്ധം വമിച്ചിരുന്നു. വാതിലിനു മുട്ടിയിട്ടും തുറക്കാഞ്ഞതിനാല്‍ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് ആയിഷ മരിച്ചു കിടക്കുന്നത് കണ്ടത്. ബാസിത്തിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കുമ്പള പൊലീസ് കേസെടുത്തു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് സൂചന.