Monday, October 14, 2024
HomeKeralaരക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മോഹന്‍ലാല്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മോഹന്‍ലാല്‍

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു(34)വിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി നടന്‍ മോഹന്‍ലാല്‍. താരം ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച്‌ നല്‍കുമെന്ന് അറിയിച്ചു. ലിനുവിന്റെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് അമ്മയ്ക്ക് ഒരു കത്തും താരം നല്‍കി.

ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് കൈമാറി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്.

മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയ്ക്ക് എഴുതിയ കത്ത്;

പ്രിയപ്പെട്ട അമ്മയ്ക്ക്,

അമ്മ ക്യാംപിലായിരുന്നു എന്ന് അറിയാം. ക്യാംപിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകന്‍ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകന്‍ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാള്‍ക്കു വേണ്ടി ജീവിക്കാന്‍ വലിയ മനസ്സുവേണം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസ്സും ധീരതയും വേണം.

ധീരനായിരുന്നു അമ്മയുടെ മകന്‍. ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിന് വേണ്ടിയാണ് അമ്മയുടെ മകന്‍ അമ്മയെ വിട്ടുപോയത്. വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിന് നല്‍കിയതില്‍ മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുകള്‍ ആയി ഇതിനെ കരുതണം സ്‌നേഹത്തോടെ…

പ്രാര്‍ഥനയോടെ…
അമ്മയുടെ മോഹന്‍ലാല്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments