ജ്യേഷ്ഠന്റെ മുഖത്ത് അനുജൻ ആസിഡൊഴിച്ചു. ടാപ്പിങ് കത്തി കൊണ്ട് കുത്തുവാൻ ശ്രമിച്ചപ്പോൾ ജ്യേഷ്ഠൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവം നടന്നത് റാന്നിയിൽ. കുടുംബ വഴക്കിനെ തുടർന്നാണ്പ്രശനങ്ങളുടെ തുടക്കം . പൂവത്തുംമൂട് വടക്കേചരുവിൽ വിജയകുമാറിന്റെ (62) മുഖത്താണ് സഹോദരൻ രാജൻ ആസിഡൊഴിച്ചത്. മുഖത്ത് സാരമായി പൊള്ളലേറ്റ വിജയകുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പട്ടാപകൽ നാട്ടുകാരുടെ മുന്നിൽവച്ചാണ് സംഭവം.
വസ്തു സംബന്ധമായ തർക്കമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. വിജയകുമാറും രാജനും മറ്റു സഹോദരങ്ങളും ചേർന്ന് കുടുംബ സ്വത്ത് വീതം വയ്ക്കാൻ ശ്രമിച്ചിരുന്നു. രാജൻ പിന്നീട് ഇതിൽ നിന്ന് മാറിനിന്നു. തന്റെ വീതത്തിലെ ആഞ്ഞിലി മുറിക്കാനായി വിജയകുമാർ കഴിഞ്ഞ ദിവസം പണിക്കാരുമായെത്തിയപ്പോൾ രാജൻ ടാപ്പിങ് കത്തിയും ആസിഡുമായി അവരെ അക്രമിക്കാനൊരുങ്ങിയെന്ന് പൊലീസ് പറഞ്ഞു.
ഇത് വിജയകുമാർ ചോദ്യം ചെയ്തപ്പോൾ രാജൻ ആസിഡ് മുഖത്തൊഴിക്കുകയായിരുന്നത്രേ. അടുത്തു നിന്നവർ തടഞ്ഞപ്പോൾ വീണ്ടും ഒഴിച്ചു. നിലത്തു വീണ വിജയകുമാറിനെ ടാപ്പിങ് കത്തി ഉപയോഗിച്ച് ആക്രമിച്ചെങ്കിലും സാരമായി മുറിവേറ്റില്ല. നാട്ടുകാരും ബന്ധക്കളും ചേർന്നാണ് വിജയകുമാറിനെ ആശുപത്രിയിലാക്കിയത്. പെരുനാട് പൊലീസ് കേസെടുത്തു.