വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ അദ്ദേഹത്തെ അഹമ്മദാബാദിലെ ശാഹിബാഗ് പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയത്. തൊഗാഡിയയെ അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഒരു പഴയ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്യാൻ ഗുജറാത്തിൽ എത്തിയശേഷം തിങ്കളാഴ്ച രാവിലെ മുതൽ തൊഗാഡിയയെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വിഎച്ച്പി നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു. 18 വർഷം മുന്‍പ് നടന്ന ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് കോടതി തൊഗാഡിയ അടക്കം 38 പേർക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം തൊഗാഡിയയെ കാണാതായി എന്നാണ് വിഎച്ച്പി ആരോപിച്ചത്. ഇതിനോടു പ്രതികരിച്ച പോലീസ് തങ്ങൾ തൊഗാഡിയയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റ് വാറന്റ് നടപ്പാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചിരുന്നു.
വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ അബോധാവസ്ഥയിൽ
RELATED ARTICLES