അഭിഭാഷകവൃത്തി ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് അഭിഭാഷകർക്കുള്ളതെന്നും മദ്രാസ് ഹൈക്കോടതി വിമർശിച്ചു. അഭിഭാഷകരുടെ സംഘടനയിലേക്കു മത്സരിക്കുന്നതിന് തമിഴ്നാട്, പുതുച്ചേരി ബാർ കൗണ്‍സിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്ത്, അഭിഭാഷകരായ ഭാസ്കർ മധുരം, ലെനിൻ കുമാർ എന്നിവർ സമർപ്പിച്ച റിട്ട് പെറ്റീഷൻ പരിഗണിക്കവെയാണ് ജസ്റ്റീസ് എൻ.കുരുബകരൻ വാക്കാൻ ഈ നിരീക്ഷണം നടത്തിയത്. ഒരു വിഭാഗം അഭിഭാഷകർ ഈ തൊഴിലിന്റെ അന്തസ് കെടുത്തുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഇത് പൂർണമായും നശിപ്പിക്കപ്പെട്ടു. മുതിർന്ന അഭിഭാഷകർ പോലും ഈ തൊഴിലിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതിനു പകരം സ്വന്തം പോക്കറ്റ് സംരക്ഷിക്കാനാണ് താത്പര്യം കാണിക്കുന്നത്- കോടതി നിരീക്ഷിച്ചു. എട്ടാം ക്ലാസ് പാസാകാൻ കഴിയാത്തയാൾക്കും ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ എടുത്തശേഷം, അഭിഭാഷകവൃത്തി പഠിച്ച്, വേണമെങ്കിൽ സ്വന്തമായി ഒരു അസോസിയേഷൻവരെ ആരംഭിക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ മാർഗനിർദേശങ്ങൾ ചോദ്യം ചെയ്താണ് അഭിഭാഷകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ താനും ജസ്റ്റീസ് ആർ.തരണിയും അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച വിധി പറയുമെന്നും കോടതി വ്യക്തമാക്കി. അസോസിയേഷനിലേക്കു മത്സരിക്കുന്നതിന് നാമനിർദേശം സമർപ്പിക്കേണ്ട അവസാന തിയതി വ്യാഴാഴ്ചയായതിൽ അതിനുശേഷമേ വിധി പുറപ്പെടുവിക്കാവൂ എന്ന അഭിഭാഷകരുടെ ആവശ്യം കണക്കിലെടുത്താണ് വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്കു മാറ്റിയത്.