കിം ജോങ് നാമിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും വന്നില്ല

ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

മൃതദേഹം എംബാം ചെയ്തു

ഉത്തര കൊറിയൻ ഏകാധിപതിയുടെ അർധസഹോദരൻ കിം ജോങ് നാമിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും വന്നില്ല. മൃതദേഹം കേടുവരാതെ ദീർഘകാലം സൂക്ഷിക്കാൻ വേണ്ടി മലേഷ്യ എംബാം ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രഹസ്യമായി എംബാം ചെയ്യാൻ കൊണ്ടുപോയത്. കഴിഞ്ഞ മാസം 13 നു വിമാനത്താവളത്തില്‍ മുഖത്ത്‌ വിഷംപുരട്ടി കൊലപ്പെടുത്തിയ നാമിന്റെ മൃതദേഹം നശിക്കാതിരിക്കാനാണിതെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ്‌ സഹിദ്‌ ഹമീദി പറഞ്ഞു.

നിരോധിത രാസായുധം ഉപയോഗിച്ചു രണ്ടു വനിതകളാണു നാമിനെ കൊലപ്പെടുത്തിയതെന്നാണു മലേഷ്യൻ പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തതോടെ ഉത്തര കൊറിയ–മലേഷ്യ ബന്ധം ഉലഞ്ഞു. നാമിന്റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിനാല്‍ പൗരന്മാരെ പരസ്‌പരം വിട്ടയയ്‌ക്കേണ്ടതില്ലെന്ന്‌ ഉത്തരകൊറിയയും മലേഷ്യയും തീരുമാനിച്ചിരുന്നു. പരസ്‌പരം അംബാസഡര്‍മാരെ പുറത്താക്കുകയും ചെയ്‌തു. വിഷയത്തില്‍ തീരുമാനമാകുന്നതു വരെ മലേഷ്യന്‍ പൗരന്മാരെ നാട്ടിലേക്കു വിടുന്നതു കഴിഞ്ഞദവസം ഉത്തരകൊറിയ തടഞ്ഞിരുന്നു. അതേസമയം, തർക്കം ഒത്തുതീർപ്പിലെത്തിക്കാൻ ചർച്ചകൾ നടക്കുന്നതായും വിവരമുണ്ട്.