മലബാർ ഗോൾഡിനെതിരെ വ്യാജ പ്രചാരണം മലയാളി അറസ്റ്റിൽ

മലബാര്‍ ഗോള്‍ഡിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് ജ്വല്ലറി ഗ്രൂപ്പിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ ഇയാൾ തൃശൂര്‍ സ്വദേശിയാണ്. ബിനീഷാണ് (35) അറസ്റ്റിലായത്. 2009 മുതല്‍ 2015 മാര്‍ച്ച് വരെ മലബാര്‍ ഗോള്‍ഡില്‍ ജീവനക്കാരനായിരുന്ന ബിനീഷ് സ്വമേധയാ രാജിവെക്കുകയായിരുന്നു. ഇപ്പോള്‍ ഷാര്‍ജ ഫ്രീസോണിലെ മറൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

പാകിസ്താന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്ന തരത്തില്‍ ചിത്രം സഹിതം ഇയാള്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ചിത്രമാണ് മലബാര്‍ ഗോള്‍ഡിന്‍േറതെന്ന പേരില്‍ ഇയാള്‍ പ്രചരിപ്പിച്ചത്. മലബാര്‍ ഗോള്‍ഡിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തു. തുടര്‍ന്ന് മലബാര്‍ ഗോള്‍ഡിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുകയും ഉത്തരേന്ത്യയില്‍ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു.

ചെറിയ നിലയില്‍ തുടങ്ങി വളരെ പെട്ടെന്ന് അന്താരാഷ്ട്ര പ്രശസ്തി നേടിയ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രചാരണമെന്ന് സംശയിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍ കെ.പി. അബ്ദുസ്സലാം പറഞ്ഞു.

നേരത്തെ പാകിസ്താന്‍ സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ഫേസ്ബുക് പേജിലൂടെ ക്വിസ് മത്സരം നടത്തിയിരുന്നു. യു.എ.ഇയിലെ പാകിസ്താന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടായിരുന്നു അത്. 200ലധികം രാജ്യക്കാര്‍ താമസിക്കുന്ന യു.എ.ഇയില്‍ വിവിധ രാജ്യങ്ങളുടെ ആഘോഷപരിപാടികളോടനുബന്ധിച്ച് ഇത്തരം മത്സരങ്ങള്‍ നടത്തിവരുന്നുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് വേണ്ടി മലബാര്‍ ഗോള്‍ഡ് ചുമതലപ്പെടുത്തിയ പരസ്യ ഏജന്‍സിയാണ് ക്വിസ് മത്സരം ആസൂത്രണം ചെയ്തത്. ഇതിനെതിരെ വിമര്‍ശം ഉയര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം മത്സരം പിന്‍വലിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മലബാര്‍ ഗോള്‍ഡ് കേക്ക് മുറിച്ച് പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നത്.

സ്ഥാപനത്തിന്‍െറ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ദുബായ്‌  പൊലീസ് പ്രതിയെ പിടി കൂടുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് യു.എ.ഇയില്‍ ഗുരുതര കുറ്റകൃത്യമാണ്. മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്താലോ ലൈക്ക് ചെയ്താലോ പോലും നിയമനടപടികള്‍ നേരിടേണ്ടിവരും. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി സലീഷ് മാത്യു, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ സി.എം.സി.അമീര്‍ എന്നിവരും പങ്കെടുത്തു.