Saturday, April 27, 2024
HomeKeralaബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചു, ജാഗ്രത തുടരുന്നു’: ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചു, ജാഗ്രത തുടരുന്നു’: ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചതായി ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് ബ്രഹ്മപുരത്ത് നടത്തിയത്. ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ടു ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 2000 അഗ്നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതായും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി സഭയിൽ പ്രസ്താവന നടത്തുന്നത്. ബ്രഹ്മപുരം വിഷയത്തിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 3ന് തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. മാര്‍ച്ച് 5ന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടി. തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ത്രിതലത്തില്‍ ഏകോപിപ്പിച്ചു. മാര്‍ച്ച് 7ന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചു.

മാര്‍ച്ച് 8ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചു. മാര്‍ച്ച് 10ന് വ്യവസായ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ ബ്രഹ്‌മപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. തുടര്‍ന്ന് മന്ത്രിമാര്‍ പങ്കെടുത്ത് ജനപ്രതിനിധികള്‍, ഫ്ലാറ്റ്-റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവരുടെ യോഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചേരുകയുണ്ടായി. മാര്‍ച്ച് 13നു തീ പൂര്‍ണമായും അണയ്ക്കാനായി. ചെറിയ തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടര്‍ന്നും ജാഗ്രതയും മുന്‍കരുതലും പുലര്‍ത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് മാര്‍ച്ച് 21-23 തീയതികളിലായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചു. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 13 മുതല്‍ മേയ് 31 വരെയും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നത്.

ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാന്‍ ശാസ്ത്രീയമായ പഠനം വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തും. 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments