തിരുവനന്തപുരം∙ നിയമസഭയിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫിസ് പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷമുണ്ടായി. ഇതിനിടെ സ്പീക്കർ എ.എൻ.ഷംസീർ ഓഫിസിനുള്ളിൽ പ്രവേശിച്ചു. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടെ കോൺഗ്രസ് എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാച്ച് ആൻഡ് വാർഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
ഭരണപക്ഷ എംഎൽഎമാരും പ്രതിഷേധ സ്ഥലത്തെത്തി. പ്രതിപക്ഷ എംഎൽഎമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ഉപരോധം അവസാനിപ്പിച്ച ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഓഫിസിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു