ഗർഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു

suicide

എട്ടുമാസം ഗർഭിണിയായിരുന്ന ഇവരെ വിഷാദരോഗത്തെ തുടർന്ന് ഇക്കഴിഞ്ഞ 11നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗർഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു. ശ്രീകാര്യം പാങ്ങപ്പാറ നാട്ടുംമേലേൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം വയലയിൽ സ്വദേശിനി രശ്മി.കെ. ഗോപാൽ (32) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 2.30നായിരുന്നു സംഭവം. എട്ടുമാസം ഗർഭിണിയായിരുന്ന ഇവരെ വിഷാദരോഗത്തെ തുടർന്ന് ഇക്കഴിഞ്ഞ 11നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ ഒമ്പതാംനിലയിലെ റൂമിൽ അഡ്മിറ്റായിരുന്നു ഇവർ. പ്രായമായ ഒരു സ്ത്രീയാണ് ഇവർക്ക് കൂട്ടിനുണ്ടായിരുന്നത്. പുലർച്ചെ അവർ ഉറക്കത്തിലായിരുന്ന സമയത്ത് യുവതി ജനാലയുടെ ഗ്ളാസ് വശത്തേക്ക് നീക്കിയശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. പാർക്കിംഗ് ഏരിയയിൽ വീണ യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും ആശുപത്രി പരിസരത്തുണ്ടായിരുന്നവരും ചേർന്ന് ഇവരെ ഉടൻ അത്യാഹിത വിഭാഗത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിയമസഭാ ജീവനക്കാരിയാണ് ഇവരെന്ന് പറയപ്പെടുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് എറണാകുളത്തുനിന്ന് ഇവരുടെ ബന്ധുക്കൾ തലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് മെഡിക്കൽകോളേജ് പൊലീസ് അറിയിച്ചു.