അവകാശികളില്ലാതെ സ്വിസ്ബാങ്കിൽ 300 കോടി ; ഇന്ത്യക്കാരുടേതെന്ന് സംശയം

money

ഇന്ത്യക്കാരുടേതെന്ന് സംശിക്കുന്ന 300 കോടി ആര്‍ക്കും വേണ്ടാതെ സ്വിസ്ബാങ്കുകളില്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട വിവരങ്ങളിലാണ് ആരും അവകാശവാദം ഉന്നയിക്കാത്ത നിരവധി നിഷ്‌ക്രിയ അക്കൗണ്ടുകള്‍ സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്ന കണക്കുകള്‍ ഉള്ളത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ ഉണ്ടെന്ന വാദങ്ങള്‍ നിലനില്‍ക്കെയാണ് അവകാശികളില്ലാത്ത ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ 3500 അക്കൗണ്ടുകള്‍ ഉള്ളതില്‍ ആറെണ്ണത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ കണക്ക് കൃത്യമല്ല. ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ബാങ്കുകളില്‍ ഇല്ല. അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെകൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്‌സ്മാന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.ഏറെക്കുറെ കൃത്യമായ വിവരങ്ങള്‍ ഉള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ മുന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ക്ക് പാരീസിലും മറ്റൊരാള്‍ക്ക് ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. ആറാമന്റെ കാര്യത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2015 ല്‍ പുറത്തുവിട്ട പട്ടികയിലും ഈ വിവരങ്ങള്‍ ഉണ്ടായിരുന്നു. 1954 മുതല്‍ ഇവ നിഷ്‌ക്രിയ അക്കൗണ്ടുകളായി നിലനില്‍ക്കുകയാണ്. വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസാന സമയം കഴിഞ്ഞിട്ടും ഇവയില്‍ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കില്‍ തുക അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയേക്കും. ഒരുവര്‍ഷത്തിനുള്ളില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പണം കൈമാറും. ഇന്ത്യയ്ക്ക് പുറമെ ജര്‍മനി, ഫ്രാന്‍സ്, യുകെ. അമേരിക്ക, തുര്‍ക്കി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടേതാണ് പ്രധാനമായും വലിയ നിക്ഷേപങ്ങള്‍ സ്വിസ് ബാങ്കിലുള്ളത്. പാകിസ്താനുള്‍പ്പെടേയുള്ള വികസ്വര- അവികസിത രാജ്യങ്ങളില്‍ നിന്നും സ്വിസ് ബാങ്കിലേക്ക് നിക്ഷേപം എത്തിയിട്ടുണ്ട്.