കനത്ത മഴ;എട്ടു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

rain

കനത്ത മഴയെ തുടര്‍ന്ന് എട്ടു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുസാറ്റിന് അവധി ബാധകമല്ല. ആലപ്പുഴയില്‍ അങ്കണവാടികള്‍ക്ക് അവധിയാണ്. എന്നാല്‍ മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും മാറ്റമില്ല. കഴിഞ്ഞ 11 ന് അവധി നല്‍കിയ അമ്ബലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് 21 ന് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ നാളത്തെ അവധിക്കു പകരമായി ഈ മാസം 21 ന് പ്രവൃത്തി ദിനമായിരിക്കും. അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാന്‍ തോടിലൂടെ വെള്ളം പനമരം പുഴയിലേയ്ക്കാണ് തുറന്നു വിടുക. കരയുടെ ഇരുവശവും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മാനന്തവാടി പേരിയയില്‍ ഒഴുക്കില്‍പ്പെട്ട ഏഴുവയസ്സുകാരനെ ഇത് വരെ കണ്ടെത്തിയിട്ടില്ല. മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിക്കും.