പമ്പയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിൽ അപ്രതീക്ഷിത പ്രളയം; 5000 ത്തോളം പേർ കുടുങ്ങി കിടക്കുന്നു

ranni

സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കേരളത്തില്‍ മുഴുവന്‍ സമാനതകളില്ലാത്ത ദുരന്ത സാഹചര്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആയിരത്തോളം പേരാണ് ദുരന്തമുഖങ്ങളില്‍ കുരുങ്ങികിടക്കുന്നത്. നിരവധി പേരാണ് ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ കാള്‍ വഴിയും മാധ്യമ സ്ഥാപനങ്ങളെയും അധികൃതരെയും ബന്ധപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലാണ് കൂടുതല്‍ പേരും കുരുങ്ങികിടക്കുന്നത്. ഏകദേശം അയ്യായിരത്തോളം പേര് റാന്നിയില്‍ കുടുങ്ങികിടക്കുന്നതായാണ് എം എല്‍ എ രാജു എബ്രഹാം പറയുന്നത്. വ്യോമസേനയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തുകയാണെന്നും ഒറ്റപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. പത്തനംതിട്ട റാന്നിയിലെ പമ്ബയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അപ്രതീക്ഷിത പ്രളയമുണ്ടായിരിക്കുന്നത്. ഏതാണ്ട് നൂറോളം പേര്‍ ഇവിടെ വെള്ളത്താല്‍ ചുറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെയാണ് വ്യോമസേനാ ഹെലിക്കോപ്‌റ്ററില്‍ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയത്. മാരാമണ്‍ ചാലിയേക്കര 35 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്ത് ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ടേത്തിയവര്‍ പറയുന്നു. അതിനിടെ അപകട സാധ്യത ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഇവിടുത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. പലരുടെയും ഫോണും മറ്റും ചാര്‍ജ് തീര്‍ന്ന സ്വിച്ച്‌ ഓഫ് ആയിരുന്നതിനാല്‍ പുറം ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. ആരൊക്കെ എവിടെയൊക്കെ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് പോലും വ്യക്തതയില്ല.സംസ്ഥാനം അഭിമുഖീകരിക്കുന്ന മഴക്കാലക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അഭ്യര്‍ത്ഥിച്ചു.