നഗരത്തിലെ റോഡ് വശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കാറുകൾ. ഒന്ന് ഒരു മാസത്തിലേറെയായി ഇവിടെ കിടപ്പാണ്. മറ്റൊന്ന് ഒരാഴ്ചയായിട്ടും. കുറ്റകൃത്യത്തിൽപെട്ടതായി അറിവോ പരാതിയോ ഇല്ലാത്തതിനാൽ ഉടമയെ കണ്ടെത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമാണ് ആഴ്ചകളായി ഒരു കാർ റോഡ് വശത്ത് കിടക്കുന്നത്. ഇവിടെ താമസസൗകര്യമുള്ള രണ്ട് ഹോട്ടലുകളുണ്ട്. ഇവിടെ വന്ന ആരുടേതെങ്കിലും ആയിരിക്കും എന്ന ധാരണയിൽ ആദ്യം ആരും സംശയിച്ചില്ല. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ഉടമ തന്നെ അന്വേഷണം നടത്തി കാർ ഉപേക്ഷിക്കപ്പെട്ടതാണെന്നു ട്രാഫിക് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്നു തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവികതകൾ കണ്ടെത്താത്തതിനാൽ ഉടമ വരും എന്ന പ്രതീക്ഷയിൽ മടങ്ങുകയായിരുന്നു. ആഴ്ചകൾ പിന്നിട്ടെങ്കിലും ആരും വന്നില്ല. നന്നുവക്കാട് നോർത്ത് മാർത്തോമ്മാ ഇംഗ്ലിഷ് മീഡിയം സ്കൂൾ റോഡിലും അനാഥമായി ഒരു കാർ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ പൊലീസിൽ വിവരം നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി മടങ്ങിയിട്ടുണ്ട്.
പത്തനംതിട്ടയിൽ റോഡ് വശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് കാറുകൾ
RELATED ARTICLES