ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിപ്പറഞ്ഞു ആർജെഡി നേതാവ് തേജസ്വി യാദവ്. 2015ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാൽ നേര് വിപരീതമായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും കോൺഗ്രസിന്റെ വിജയ സാധ്യതകൾ തള്ളാതെ തേജസ്വി യാദവ് ട്വിറ്ററിൽ പറഞ്ഞു.
2015 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ബിജെപിക്കെതിരെ വിജയം നേടിയിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയാണ് മഹാസഖ്യം വിജയിച്ചത്. എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് 95 മുതൽ 155 സീറ്റുകള്‍ വരെ പ്രഖ്യാപിച്ച സർവേകളുണ്ടായിരുന്നു. അതുകൊണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളെ കാര്യമായെടുക്കേണ്ടെന്നും തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ അധികാരം നില നിർത്തുമെങ്കിലും ബിജെപിക്ക് സീറ്റ് കുറയുമെന്നും ഹിമാചൽ പ്രദേശ് ബിജെപി തൂത്തുവാരുമെന്നുമാണ് എക്സിറ്റ് പോളുകൾ. കഴിഞ്ഞ തവണ 115 സീറ്റ് നേടുകയും പിന്നീട് ആറു സ്വതന്ത്രരെ പാർട്ടിയിൽ ചേർക്കുകയും ചെയ്ത ബിജെപിക്ക് ഇത്തവണ കൂടുതൽ പേർ പ്രവചിക്കുന്നതു 110-ൽ താഴെ സീറ്റാണ്. 99 മുതൽ 146 വരെ സീറ്റ് ബിജെപി നേടുമെന്നു വിവിധ ഏജൻസികൾ പറയുന്നു.
“ബിഹാർ എക്സിറ്റ് പോൾ ഓർമയില്ലേ” ബിജെപി ക്കെതിരെ തേജസ്വി യാദവ്
RELATED ARTICLES