മൂന്നു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ആദ്യ ഏകദിനത്തില്‍ തിളങ്ങി. ഏകദിന ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞെത്തിയ കോഹ്‍ലി,തുടക്കത്തില്‍ കാലിടറിപ്പോയ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. 350 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഇന്ത്യ 11 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയംകണ്ടു. സെഞ്ച്വറി നേടിയ കോലിയും (122) ജാദവു (120) മാണ് ഇന്ത്യയുടെ വിജയ ശില്‍പികള്‍. 63 റണ്‍സെടുക്കുന്നതിനിടയില്‍ നാല് വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കോലിയും കേദര്‍ ജാദവും കര കയറ്റുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 350 റണ്‍സെടുക്കുകയായിരുന്നു. ബാറ്റെടുത്തവരെല്ലാം നിരാശപ്പെടുത്താത്ത ഇന്നിങ്‌സ് കാഴ്ച്ചവെച്ചതാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജാസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി.
ഏഴാം ഓവറില്‍ ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സിനെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ രണ്ടാം വിക്കറ്റില്‍ ജാസണ്‍ റോയിയും ജോ റൂട്ടും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 12.1 ഓവറില്‍ 69 റണ്‍സ് പടുത്തുയര്‍ത്തി. റോയ് 61 പന്തില്‍ 73 റണ്‍സ് നേടി ജഡേജയുടെ പന്തില്‍ പുറത്തായി.