ശബരിമലയിൽ ഇന്നലെ ശീവേലി എഴുന്നള്ളത്ത്, ഇന്ന് മുതല്‍ പടിപൂജ

citinews

ഞായറാഴ്ച വൈകീട്ട് മാളികപ്പുറത്തുനിന്ന് സന്നിധാനത്തേക്ക് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ആദ്യം അമ്പലപ്പുഴ സംഘത്തിന്‍െറ ശീവേലിയാണ് ആദ്യം നടന്നത് തുടര്‍ന്ന് ആലങ്ങാട് യോഗത്തിന്‍െറയും. താളമേളങ്ങളുടെയും കര്‍പ്പൂര വിളക്കുകളുടെയും അകമ്പടിയോടെ തിടമ്പ് പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളിച്ചു. മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി മണിമണ്ഡപത്തില്‍നിന്ന് തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോനു നല്‍കി. അയ്യപ്പന്മാരും മാളികപ്പുറങ്ങളും പങ്കെടുത്തു. പതിനെട്ടാം പടി കഴുകി വൃത്തിയാക്കിയാണ് പടിയില്‍ കര്‍പ്പൂരാഴി നടത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ച് മാളികപ്പുറത്തേക്ക് മടങ്ങി. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ കണ്ട് വണങ്ങി തീര്‍ഥാടനത്തിനു സമാപനം കുറിച്ച് സംഘങ്ങള്‍ മലയിറങ്ങി. ദീപാരാധനക്കു ശേഷം ഇന്ന് മുതല്‍ പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേകം പൂജകള്‍ കഴിക്കുന്ന പടിപൂജ ആരംഭിക്കുന്നതാണ്. തീര്‍ഥാടന കാലത്തെ വലിയ തിരക്കുമൂലം നിര്‍ത്തി വെച്ചിരുന്ന പടിപൂജയാണ് ഇന്ന് പുനരാരംഭിക്കുന്നത്. 19വരെ പടി പൂജയുണ്ടായിരിക്കുന്നതാണ്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തിലാണ് ഇത് നടത്തപ്പെടുക. പടിപൂജ സമയത്തു അയ്യപ്പന്മാര്‍ക്ക് പടി കയറാൻ പാടില്ല.