ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ നാളെ ചര്‍ച്ച നടത്തും. ഖനനത്തിന്റെ പ്രത്യാഖാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുവാനും തീരുമാനമായി. ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സീ വാഷ് ഖനനം താത്കാലികമായി നിര്‍ത്തിവെക്കാനും തീരുമാനമുണ്ടായി. ഖനനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആലപ്പാട് വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. അതിനിടെ, ഖനനം നിര്‍ത്തിവെച്ചതിന് ശേഷമേ ചര്‍ച്ചക്ക് തയാറാവുകയുള്ളൂ എന്ന സമരസമിതിയുടെ നിലപാടില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വിഷയത്തില്‍ ആലപ്പാട് സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര്‍ ഇ ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അതേസമയം, ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് തേടി. കരിമണല്‍ ഖനനത്തിനെതിരെ 17 വയസുകാരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേദയ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടല്‍. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദ വിവരങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉള്‍പ്പെടുത്തിയാകണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ജില്ലാ കലക്ടറോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.