തമിഴ്‌നാട് ആര് ഭരിക്കുമെന്ന വിഷയത്തിൽ ഇന്ന് തീരുമാനം

തമിഴ്‌നാട് ആര് ഭരിക്കുമെന്ന വിഷയത്തിൽ ഇന്ന് തീരുമാനം

തമിഴ്‌നാട് ആര് ഭരിക്കുമെന്ന വിഷയത്തിൽ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തീരുമാനമെടുക്കുമെന്ന് അവസാനമായി കിട്ടിയ റിപ്പോര്‍ട്ട്. 124 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന എടപ്പാടി പളനിസ്വാമിയെ ആവും ഗവര്‍ണര്‍ തല്‍സ്ഥാനത്തേക്ക് ആദ്യം ക്ഷണിക്കുക. ഇദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ പതിനൊന്ന് പേരുടെ പിന്തുണയുള്ള കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വത്തിന് നറുക്ക് വീഴും. ഇന്നലെ രാത്രി പളനിസ്വാമിയും പന്നീര്‍സെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ച ഇരുപക്ഷവും ഉറച്ച പ്രതീക്ഷയിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനൊന്ന് പേരുടെ പിന്തുണകൊണ്ട് മാത്രം പന്നീര്‍സെല്‍വത്തിന് അധികാരത്തിലേറാനാവില്ല. 117 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഡി.എം.കെയുടെ പിന്തുണ കൂടി ലഭിച്ചെങ്കില്‍ മാത്രമെ പന്നീര്‍സെല്‍വത്തിന് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാവാനാകൂ. അവര്‍ ഇ്ക്കാര്യത്തില്‍ നിലപാട് ഉറപ്പിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധിയില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അഴിക്കുള്ളിലാവുന്നത്. പിന്നാലെയാണ് പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇന്നലെയാണ് ശശികല ബംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങിയത്.