എസ്.ബി.ഐ-എസ്.ബി.ടി ലയനത്തിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു

എസ്.ബി.ഐ-എസ്.ബി.ടി ലയനത്തിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ അനുബന്ധ ബാങ്കുകളെയാണ് എസ്ബിഐയില്‍ ലയിപ്പിക്കുന്നത്. ഇതിനു വേണ്ട അംഗീകാരം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ചാണ് ബാങ്കുകളുടെ ലയനം മന്ത്രിസഭ തീരുമാനിച്ചത്.

1959ലെ എസ്ബി‌ഐ (അനുബന്ധബാങ്ക്) നിയമവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് നിയമവും ഭേദഗതി ചെയ്യാന്‍ ബില്‍ കൊണ്ടുവരും. ആഗോള സാമ്പത്തിക തലത്തില്‍ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ലയനം.കൂടാതെ കാര്യക്ഷമത കൂട്ടുവാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ലയനത്തിലൂടെ സാധ്യമാകുമെന്ന് കണക്കാക്കപ്പെടുന്നു.

ലയന നീക്കത്തിന് തത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. അതിനെത്തുടർന്ന്, ഡയറക്ടര്‍ ബോര്‍ഡുകൾ അനുകൂലമായ മറുപടി നല്കിയതോടെയാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ലയനം. അതുകൊണ്ടു  ആശങ്കയുടെ കാര്യമില്ല എന്നും ധനമന്ത്രി വ്യക്തമാക്കി. ഭാരതീയ മഹളാ ബാങ്കിനെ കൂടി എസ്ബിഐയില്‍ ലയിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ലയനം യാഥാര്‍ഥ്യമായാല്‍ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയായി ഉയരും. കൂടാതെ ശാഖകള്‍ 22500 ഉം എടിഎമ്മുകള്‍ 58,000 ഉണ്ടാകും. കൂടാതെ ഇടപാടുകാരുടെ എണ്ണം 50 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. 2008ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്റ്റേറ്റ് ബാ്ങ്ക് ഓഫ് ഇന്‍ഡോറും എസ്ബിഐയില്‍ ലയിച്ചിരുന്നു.

ലയനത്തിനുള്ള  തയ്യാറെടുപ്പ് പൂര്‍ത്തിയായെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. സെപ്തംബറോടെ ലയന നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം  ലയനത്തിനെതിരെ കേരളത്തിലുള്ള  ബാങ്ക് ജീവനക്കാരിലെ ഒരു പക്ഷം ഉൾപ്പെടെ  എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കേരളനിയമസഭ ഒറ്റക്കെട്ടായി ലയന നീക്കത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നതാണ്. ലയനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തതാണ്. പാര്‍ലമെന്റിലും ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാൽ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത പ്രതിഷേധം കേന്ദ്രം അവഗണിച്ചു.