അനധികൃത നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടിച്ചു

ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വെച്ചൂച്ചിറ കൊല്ലമുള രാജീവിന്റെ (36) വീട്ടില്‍നിന്നും വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനധികൃതമായി സൂക്ഷിച്ച നാടന്‍തോക്ക് പിടിച്ചെടുത്തു. വെടിമരുന്നുകളും തിരകളും ഉണ്ടായിരുന്നു. രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോ എന്നതും അന്വേഷിക്കും.
     ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയിലാണ് തോക്കും മറ്റും കണ്ടെത്തിയത്. കുറെ നാളുകളായി ഷാഡോ പോലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. റെയ്ഡില്‍ ഷാഡോ പോലീസ് എസ്് ഐ ആര്‍. രെഞ്ചു, രാധാകൃഷ്ണന്‍, എഎസ്‌ഐ ഹരിലാല്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.