കൊച്ചി മെട്രോ പദ്ധതി രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും. രാവിലെ 11നു കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ഉദ്ഘാടന സമ്മേളനം. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗമാണ് മെട്രൊ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക.
10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിക്കും. തുടര്‍ന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രൊയില്‍ യാത്ര. 11 മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം കൊച്ചി മെട്രൊയുടെ സമര്‍പ്പണം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, ഡിഎംആർസി ഉപദേഷ്ടാവ് ഇ. ശ്രീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
സംസ്ഥാന മന്ത്രിമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, എംഎൽഎമാർ തുടങ്ങി ക്ഷണിക്കപ്പെട്ട മൂവായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുക.
എറണാകുളം സെന്റ് തെരേസാസ് കോളെജില്‍ 12.15നു പി.എന്‍. പണിക്കര്‍ ദേശീയ വായനാ മാസാചരണം മോദി ഉദ്ഘാടനം ചെയ്യും. കോളെജില്‍ നിന്നും ഉച്ചയ്ക്ക് 1.05നു നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. 1.25നാണു മടക്കയാത്ര.