ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും അമ്പതിനായിരം രൂപയക്കും അതിനു മുകളിലുമുള്ള ഇടപാടുകള്‍ നടത്തുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. നിലവിലെ അക്കൗണ്ട് ഉടമകള്‍ ഡിസംബര്‍ 31നകം ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട. അല്ലാത്ത പക്ഷം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും കേന്ദ്ര റവന്യൂ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശത്തിനു തൊട്ടുപിന്നാലെയാണ് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നത്. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
2005ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പടുവിച്ചിട്ടുള്ളത്.
നിലവില്‍ ഏതെങ്കിലും തിരിച്ചറിയില്‍ രേഖ നല്‍കിയ കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) പൂരിപ്പിച്ചാണ് ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നത്. അമ്പതിനായിരത്തില്‍ താഴെയുള്ള അക്കൗണ്ടുകള്‍ക്ക് ഔദ്യോഗികമായി സാധുവല്ലാത്ത രേഖകള്‍ ഉപയോഗിച്ചും അക്കൗണ്ട് ആരംഭിക്കാമായിരുന്നു. പുതിയ വിജ്ഞാപനത്തോടെ ഈ അക്കൗണ്ടുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരതയ്ക്ക് സഹായമെത്തിക്കുന്നതിനും ചെറുകിട അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് കേന്ദ്രവിജ്ഞാപനം പറയുന്നു.