ജമ്മു കാഷ്മീരിൽ അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു. 35 പേർക്കു പരിക്കേറ്റു. കാഷ്മീരിലെ രാംബാൻ ജില്ലയിലാണ് സംഭവം. ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ബനിഹലിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തങ്ങൾ പുരോഗമിച്ചു വരികയാണെന്നു അധികൃതർ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ അമർനാഥ് തീർഥാടകർക്കു നേരെയുണ്ടായ ഭീകരാക്രമണതിൽ എട്ട് പേർ മരിച്ചിരുന്നു. പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാറിനു നേർക്കായിരുന്നു ഭീകരർ ആദ്യം ആക്രമണം നടത്തിയത്. പിന്നാലെ തീർഥാടകരുടെ ബസിനു നേരെയും ഭീകരർ ആക്രമണം നടത്തുകയായിരുന്നു.