Saturday, September 14, 2024
HomeNationalലഷ്കറെ തയിബ കമാൻഡർ അയൂബ് ലാൽഹരിയെ ഇന്ത്യൻ സുരക്ഷാ സേന വധിച്ചു

ലഷ്കറെ തയിബ കമാൻഡർ അയൂബ് ലാൽഹരിയെ ഇന്ത്യൻ സുരക്ഷാ സേന വധിച്ചു

കുപ്രസിദ്ധ ഭീകരനും ലഷ്കറെ തയിബ കമാൻഡറുമായ അയൂബ് ലാൽഹരിയെ ഇന്ത്യൻ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. കശ്മീരിലെ ദക്ഷിണ പുൽവാമ ജില്ലയിൽ ബുധനാഴ്ച ഉച്ച തിരിഞ്ഞാൺ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്. ലഷ്കറെ തയിബ കശ്മീർ കമാൻഡർ അബു ദുജാനയെ വധിച്ച ശേഷമുള്ള ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ നേട്ടമായാണ് ലഷ്കറിന്റെ ജില്ലാ കമാൻഡർ കൂടിയായ അയൂബ് ലാൽഹരിയുടെ വധം വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ദുജാനയെ ഇന്ത്യൻ സൈന്യം വധിച്ചത്.

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും കശ്മീർ പൊലീസും നോട്ടമിട്ടിരുന്ന ഭീകരനാണ് അയൂബ് ലാൽഹരി. ഇയാൾ കൊല്ലപ്പെട്ട വിവരം ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വയീദ് സ്ഥിരീകരിച്ചു. ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു. ലാൽഹരിക്കെതിരായ നടപടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ ഡിജിപി അഭിനന്ദിച്ചു.

ഇയാൾ വാഹനത്തിൽ വരുന്ന വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ബന്ദിപ്പോരാ ഗ്രാമത്തിൽവച്ച് വാഹനം തടയുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവർ ഉദ്യോഗസ്ഥർക്കു നേരെ നിറയൊഴിച്ചു. തുടർന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചടിയിൽ ഇയാൾക്കു വെടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാൾ തൽക്ഷണം മരിച്ചു.

പുല്‍വാമ ജില്ലയിലെ ലാൽഹാർ സ്വദേശിയാണ് മുഹമ്മദ് അയൂബ് ലോൻ എന്ന അയൂബ് ലാൽഹാരി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് കുപ്രസിദ്ധ ഭീകരൻ അബു ദുജാനയ്ക്കൊപ്പം കൊല്ലപ്പെട്ട ആരിഫ് ലാൽഹരിയുടെ അയൽവാസി കൂടിയാണ് അയൂബ്. ഓഗസ്റ്റ് ഒന്നിനു പുലർച്ചെ നാലു മണിയോടെ, സിആർപിഎഫിന്റെ 182, 183 ബറ്റാലിയനുകളും കരസേനയുടെ 55 രാഷ്ട്രീയ റൈഫിൾസ് വിഭാഗവും, ജമ്മു കശ്മീർ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമായ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്നാണ് ദുജാനയെയും ആരിഫിനെയും വീഴ്ത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments