പന്തളത്ത് കാണാതായ യുവാവിന്റെ മൃതദേഹം അച്ചന്‍കോവിലാറ്റില്‍

dead

പന്തളത്ത് കഴിഞ്ഞ് ദിവസം കാണാതായ യുവാവിന്റെ മൃതദേഹം അച്ചന്‍കോവിലാറ്റില്‍ ഞെട്ടൂര്‍ കറുമാലി കടവില്‍ കാണപ്പെട്ടു. തട്ട മാമൂട് തുണ്ടില്‍ വീട്ടില്‍ മധുവിന്റെ മകന്‍ റ്റി എം അഖിലിന്റെ മൃതദേഹമാണ് ആറ്റില്‍ കാണപ്പെട്ടത്.

ബുധനാഴ്ച രാവിലെ 11 മണി ഓടെ അച്ചന്‍കോവിലാറ്റില്‍ പവര്‍ ഹൗസിന് സമീപത്തൂടെ ഒരാള്‍ ഒഴുകിപ്പോകുന്നതായി നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയിരുന്നു. ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ ആയിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്കരമായതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. പവര്‍ ഹൗസിന് സമീപത്ത് നിന്ന് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ ഒരു ബുള്ളറ്റും അഖിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗും പോലീസ് കണ്ടെടുത്തിരുന്നു.

മിലിറ്ററി സര്‍വീസില്‍ ജമ്മുവിലായിരുന്നു അഖിലിന് ജോലി. ചൊവ്വാഴ്ച ലീവിന് നാട്ടില്‍ എത്തിയ അഖില്‍ ബുധനാഴ്ച രാവിലെ എറ്റിഎം കാര്‍ഡ് നഷ്ടപ്പെട്ടെന്ന പരാതി പന്തളം പോലീസില്‍ നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇതു സംബന്ധിച്ച്‌ എഴുതിയ തയ്യാറാക്കിയ പരാതി അഖിലിന്റ ബാഗില്‍ നിന്നും ഇലവുംതിട്ട പോലീസ് കണ്ടെത്തിയിരുന്നു.

വിലാസിനിയാണ് മാതാവ്, മിലിറ്ററി സര്‍വ്വീസില്‍ ജോലി ചെയ്യുന്ന റ്റി.എം മനു ആണ് സഹോദരന്‍. ഇലവുംതിട്ട പോലീസും, പന്തളം പോലീസും അഗ്നിശമന വിഭാഗവും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.