ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിലെ തോൽവിയുടെ നിരാശയിൽനിന്ന് കരകയറ്റി ഇന്ത്യയെ തുടർവിജയങ്ങളിലേക്കു കൈപിടിക്കാൻ ആരു വരും? 2015ൽ ഡങ്കൻ ഫ്ലച്ചർ ടീം വിട്ടശേഷം ഇന്ത്യയ്ക്ക് ഒരു വിദേശ പരിശീകനെ ലഭിക്കുമോ? അതോ, രവി ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്ത് തുടരുമോ? എല്ലാ ചോദ്യങ്ങൾക്കും ഇന്നു വൈകിട്ട് ഉത്തരം ലഭിക്കും. പരിശീലക സ്ഥാനത്തേക്ക് ലഭിച്ച 2000 അപേക്ഷകളിൽനിന്ന് ‘ആറ്റിക്കുറുക്കിയെടുത്ത്’ തയാറാക്കിയ അന്തിമ പട്ടികയിലെ അഞ്ചു പേരുടെ അഭിമുഖം മുംബൈയിൽ പുരോഗമിക്കുകയാണ്. ചുരുക്കപ്പട്ടികയിൽ ആറു പേരുണ്ടായിരുന്നെങ്കിലും വെസ്റ്റിൻഡീസിൽനിന്നുള്ള ഫിൽ സിമ്മൺസ് അഭിമുഖത്തിൽനിന്ന് പിൻമാറി. ‘വ്യക്തിപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടിയാണ് സിമ്മൺസിന്റെ പിൻമാറ്റം. മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതിയാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ കൂടിയായ അൻഷുമാൻ ഗെയ്ക്കവാദ് എന്നിവരാണ് സമിതിയംഗങ്ങൾ.
നിലവിലെ പരിശീലകൻ രവി ശാസ്ത്രിക്കു പുറമെ മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ, മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, മുൻ വിൻഡീസ് ഓൾറൗണ്ടറും അഫ്ഗാനിസ്ഥാൻ കോച്ചുമായ ഫിൽ സിമ്മൺസ്, മുൻ ഇന്ത്യൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് റോബിൻ സിങ് എന്നിവരാണ് ഇന്ന് അഭിമുഖത്തിൽ പങ്കെടുക്കുന്നവർ. പരിശീലക കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഉൾപ്പെടെ ഇവർ സമിതിക്കു മുമ്പാകെ അക്കമിട്ടു നിരത്തും. റോബിൻ സിങ്ങിനാണ് ആദ്യം അഭിമുഖം നടത്തിയത്. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള രവി ശാസ്ത്രി, വൈകീട്ട് നാലു മണിയോടെ സ്കൈപ്പിലൂടെയാകും അഭിമുഖത്തിൽ പങ്കെടുക്കുക.
ശാസ്ത്രിക്കു പുറമെ അദ്ദേഹത്തിന്റെ പരിശീലക സംഘത്തിൽ അംഗങ്ങളായ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ബോളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ തുടങ്ങിയവർക്കും പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. ലോകകപ്പോടെ കാലാവധി കഴിഞ്ഞ ശാസ്ത്രിക്കും സംഘത്തിനും പുതിയ പരിശീലകരെ കണ്ടെത്തുന്നതിന് 45 ദിവസത്തേക്ക് കാലാവധി നീട്ടിനൽകിയിരുന്നു. 2021 ട്വന്റി20 ലോകകപ്പ് വരെയാകും പുതിയ പരിശീലകന്റെ കാലാവധി.