നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. രാമന്‍പിള്ള വഴിയാണ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട് എന്നറിഞ്ഞതോടെയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയാണ് കാവ്യാ മാധവന്‍.
തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നതായി കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. തന്നെ പ്രതിയാക്കാൻ പൊലീസ് ഗൂഢശ്രമം നടത്തുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. അറിയാവുന്ന കാര്യങ്ങൾ എല്ലാം പോലീസിനോട് പറയുകയും ചെയ്തതാണ്. എന്നിട്ടും തന്നെ കേസിൽപെടുത്താൻ പൊലീസ് ഇപ്പോഴും ശ്രമിക്കുകയാണ്.
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ തനിക്ക് അറിയില്ല. മുൻപരിചയവുമില്ല. എന്നിട്ടും പൾസർ തന്റെ ഡ്രൈവറാണെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമങ്ങൾ നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്നും കാവ്യ ജാമ്യാപേക്ഷയിൽ പറയുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു.
കേസിലെ മാഡം കാവ്യാ മാധവനാണെന്ന് നേരത്തെ പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. നിരവധി തവണ കാവ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു. നേരത്തെ കാവ്യ പങ്കെടുത്തിരുന്ന പല ചടങ്ങുകളിലും പള്‍സര്‍ സുനിയുടെ സാനിധ്യം ഉണ്ടായിരുന്നതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.