കൂടത്തായി കൊലപാതക കേസില്‍ പ്രതികളുടെ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി.
മുഖ്യ പ്രതി ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ പതിനെട്ടാം തീയതി വൈകിട്ട് നാല് മണിവരെ പോലീസ് കസ്റ്റഡിയില്‍ വിടാനാണ് കോടതി തീരുമാനിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 19നു പരിഗണിക്കും.
ജോളിയുടെ ജാമ്യാപേക്ഷ ഇന്നാണ് സമര്‍പ്പിച്ചത്. മറ്റ് രണ്ട് പ്രതികളുടേയും ജാമ്യാപേക്ഷ നേരത്തെ നല്‍കിയിരുന്നു. ഇതിനിടെ പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാന്‍ കോടതി 10 മിനിറ്റ് സമയം അനുവദിച്ചു. പ്രജികുമാറിന്‍റെ ഭാര്യ നല്‍കിയഅപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്.
പ്രജികുമാര്‍ കോയമ്ബത്തൂരില്‍ നിന്നാണ് സയനൈഡ് കൊണ്ടുവന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്ബത്തൂരെത്തിച്ച് തെളിവെടുപ്പ് നടത്തണം.അതിനായി മൂന്ന് ദിവസംകൂടി കസ്റ്റഡി നീട്ടി നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.