Thursday, May 2, 2024
HomeKeralaമണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവില്‍ നട തുറന്നു

മണ്ഡല – മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവില്‍ നട തുറന്നു

വ്രതശുദ്ധിയുടെ പുണ്യദിനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ മണ്ഡല – മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവില്‍ നട തുറന്നു. തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ നിലവിലുള്ള മേല്‍ശാന്തി എ.വി.ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയാണ് ശ്രീകോവില്‍ നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യില്‍ നിന്നുണര്‍ത്തി ദീപം തെളിയിച്ചത്.

തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളില്‍ വിളക്ക് തെളിച്ചശേഷം മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി ആഴിയിലും അഗ്നിപകര്‍ന്നു. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. വൈകിട്ട് ആറോടെ നിയുക്ത മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങുകള്‍ നടക്കും. ശബരിമല മേല്‍ശാന്തി മണ്ണാര്‍കാട് തച്ചനാട്ടകം കണ്ടൂര്‍കുന്ന് വരിക്കാശേരി മനയില്‍ വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയുടെ അവരോധന ചടങ്ങാകും ആദ്യം നടക്കുക.

തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കലശംപൂജിച്ച്‌ മേല്‍ശാന്തിയെ അഭിഷേകം ചെയ്തശേഷം ശ്രീകോവിലിലേക്ക് കൂട്ടികൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും.തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലെ നിയുക്ത മേല്‍ശാന്തി തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര മാമ്ബറ്റ ഇല്ലത്ത് എം.എന്‍.നാരായണന്‍ നമ്ബൂതിരിയുടെയും അവരോധന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നായ നാളെ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുക.

യുവതീ പ്രവേശന വിഷയത്താല്‍ സങ്കീര്‍ണമായ അന്തരീക്ഷത്തിലാണ് ഇക്കുറി മണ്ഡല – മകരവിളക്ക് ഉത്സവം കടന്നുപോവുക. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഒരു ഭാഗത്തും, പത്തിനും അന്‍പതിനും ഇടയിലുള്ള സ്ത്രീകളെ തടയുമെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി മുറുഭാഗത്തും നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments