കോളിളക്കം സൃഷ്ടിച്ച രാമചന്ദ്ര ഛത്രപതി കൊലക്കേസില്‍ പ്രതികളായ ആൾദൈവം ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ നാല് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സി.ബി.ഐ. കോടതിയാണ് കേസില്‍ ശിക്ഷവിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ നാല് പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം.
ഹരിയാനയിലെ ‘പുരാ സച്ച്’ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി 2002ലാണ് കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവനായ റാം റഹീം സിങ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ദേരാ സച്ച് തലവനായ റാം റഹീം സിങിനെതിരേ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന്‍ ലാല്‍ എന്നിവരാണ് മറ്റുപ്രതികള്‍.
നിലവില്‍ ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന റാം റഹീം സിങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാമചന്ദ്ര വധക്കേസില്‍ വിചാരണ ചെയ്തത്. കേസിന്റെ ശിക്ഷ വിധിക്കുന്നത് കണക്കിലെടുത്ത് പഞ്ച്കുളയില്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് 2006-ല്‍ സി.ബി.ഐ. ഏറ്റെടുക്കുകയായിരുന്നു.