സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തുപോയി മദ്യപിക്കരുത് ; നിയമ ഭേദഗതി

സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തുപോയി മദ്യപിക്കരുത് ; നിയമ ഭേദഗതി

സമ്പൂര്‍ണ മദ്യനിരോധത്തിന് പിന്നാലെ പുതിയ നിയമ ദേദഗതിയുമായി സര്‍ക്കാര്‍. ബിഹാറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി സംസ്ഥാനത്തിന് പുറത്തുപോയി മദ്യപിക്കാനാവില്ല. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1976ലെ ബിഹാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ നിയമം ദേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അനുകൂല തീരുമാനമെടുത്തതായി കാബിനറ്റ് കോര്‍ഡിനേഷന്‍ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്‌റോത്ര മാധ്യമങ്ങളോട് പറഞ്ഞു.
1976ലെ നിയമപ്രകാരം ജോലി സ്ഥലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നതിനെ വിലക്കുന്നുണ്ട്. 2016ല്‍ സംസ്ഥാനത്ത് നടപ്പാക്കിയ പുതിയ മദ്യ നിരോധന നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. ഇതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സ്ഥലത്തെന്നപോലെ ബിഹാറിന് പുറത്ത് യാത്ര പോകുമ്പോഴും മദ്യം ഉപയോഗിക്കാന്‍ കഴിയില്ല.