കേരളത്തിൽ പാന്‍ മസാലയുടെ ഉപയോഗം കുട്ടികളുടെ ഇടയിൽ ക്രമാതീതമായി വര്‍ധിക്കുന്നുവെന്നു റിപ്പോർട്ട്. എക്സൈസ് വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലിക്കുന്നില്ലെന്നു പരാതി. സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികളില്‍ 14 ശതമാനത്തോളം പേര് പുകയില ഉപയോഗത്തിന് അടിമപ്പെട്ടിരിക്കുന്നുവെന്ന് ഐഎംഎ റിപ്പോര്‍ട്ട് നൽകിയിരുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പാന്‍ മസാല സുലഭം. കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിർദേശിച്ച എക്സൈസ് കമ്മിഷണർ നോക്കുകുത്തി! പ്രധാനമായി വില്‍പ്പന പലചരക്ക് കടകളിലൂടെയാണ്. കടകള്‍ക്കു പിന്നിലും മറ്റും രഹസ്യമായാണ് ഇതു സൂക്ഷിചിരിക്കുന്നത്. വില പത്തു മടങ്ങ് കൂട്ടിയിട്ടും ആവശ്യക്കാര്‍ ഏറെയുള്ളത് കച്ചവടക്കാര്‍ക്കും പ്രോത്സാഹനം.
ഇന്ത്യയിൽ 14 ശതമാനത്തോളം പേര് പുകവലിക്കാരാണെങ്കില് 24 ശതമാനത്തോളമാണ് പുകരഹിത പുകയില ഉപയോഗിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായിരുന്ന ശീലം കേരളത്തെയും അർബുദവ്യാധി പോലെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്കൂള്‍ വിദ്യാര്‍ഥികളില്‍ പാന്‍ മസാല ഉപയോഗം വര്‍ധിക്കുന്നതു തടയാൻ സ്കൂളുകള്‍ക്കു സമീപത്തെ കടകളടക്കം റെയ്ഡ് ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇവയൊന്നും കാര്യക്ഷമമായി നടന്നില്ലെന്നാണ് വിവരം. വളരെ ചെറിയ പ്രായത്തില്‍ പുകയില നുണയുന്ന കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീര്യം കൂടിയ മറ്റ് ലഹരി വസ്തുക്കളിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യമേറെയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പാന്‍ മസാലകളില്‍ അടങ്ങിയിരിക്കുന്ന അടയ്ക്ക, പുകയില, ചുണ്ണാമ്പ് മറ്റു രാസപദാര്‍ഥങ്ങള്‍ എന്നിവ മുഖം, വായ് എന്നിവിടങ്ങളില്‍ ക്യാന്സറുണ്ടാക്കുന്നുവെന്നു തെളിയിക്കപ്പെട്ടതാണ്. ക്യാന്‍സര്‍ രോഗികളില്‍ 80 ശതമാനത്തോളം പേര് പുകയില ഉപയോഗിക്കുന്നെന്നാണ് ഐഎംഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാനിലെ അരിക്കോളിന്‍ എന്ന രാസവസ്തുവാണ് ക്യാന്‍സറുണ്ടാക്കുന്നത്.
പാന്‍ ചവയ്ക്കുന്നതിലൂടെ വായ്, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലാണ് ക്യാന്സറുണ്ടാവുന്നത്. പ്രീ ഫൈബ്രോസിസ് എന്ന അവസ്ഥ (വായ് തുറക്കാന്‍ പറ്റാത്ത)യാണ് ആദ്യമുണ്ടാവുക.
ഫോര്‍മാല്‍ഡിഹൈഡ്, ലെഡ്, കാഡ്മിയം, നൈടോളമിന്, നൈട്രോ അമിനോ ആസിഡുകള്‍, ലാക്ടോണ്‍ എന്നീ വിഷവസ്തുക്കളും പാന്‍ മസാലയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ബ്രോങ്കൈറ്റിസ്, കരള്‍വീക്കം, നാഡികോശങ്ങളെ തളര്‍ത്തുക എന്നിവയ്ക്കൊക്കെ കാരണമാകുന്ന മാരക വിഷവസ്തുക്കളാണുള്ളത്.