പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ 41 ദിവസമായി അടച്ചിട്ട പാമ്പാടി, ലക്കിടി നെഹ്‌റു എന്‍ജിനിയറിങ് കോളേജുകള്‍ ഇന്നു തുറക്കും. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കോളേജുകളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ കലക്ടര്‍മാര്‍ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. എഡിഎമ്മിന്റെ നിരീക്ഷണത്തിലായിരിക്കും കോളേജുകളുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികളുടെ 12 ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചു. ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ ക്യാമ്പസില്‍ പ്രവേശിക്കില്ലെന്ന ഉറപ്പും ലഭിച്ചു. പി. ടി. എ. കമ്മറ്റികളും പരിഹാര സെല്ലുകളും രൂപീകരിക്കും. കോളേജ് അടച്ചതിനാല്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ സര്‍വകലാശാലയുടെയും മാനേജ്‌മെന്റിന്റെയും ഇടപെടലിലൂടെ പരിഹരിക്കും.കുട്ടികളുടെ ഇന്റേണല്‍ മാര്‍ക്ക് പ്രാബല്യത്തില്‍ വരുന്നതിന് ഏഴുദിവസംമുമ്പ് കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും തുടങ്ങിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജ് തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. ജിഷ്ണു പ്രണോയ്ക്കു ആദാരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം ക്യാംപസിൽ കയറി.
കഴിഞ്ഞ ജനുവരി ആറിനാണ്, ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നാദാപുരം കിണറുള്ള പറമ്പത്ത് വീട്ടില്‍ അശോകന്റെ മകന്‍ ജിഷ്ണു(19)വിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും കോളേജ് അധികൃതരുടെ ക്രൂരമായ പീഡനങ്ങളാണ് അത്മഹത്യയിലേക്കു നയിച്ചതെന്നും ശക്തമായ ആരോപണം ഉയർന്നിരുന്നു. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു.
ഇതിനെതിരെയുള്ള പ്രതികാര നടപടിയായിരുന്നു കോളേജ് പൂട്ടിയിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ക്ളാസ് പുനഃരാരംഭിക്കുവാൻ തീരുമാനമായതു.