ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലേറ്റ പരാജയത്തിന് നോസോമി ഒകുഹാരയ്ക്ക് അതേ ഷോട്ടിൽ സിന്ധുവിന്റെ മറുപടി. കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ ജപ്പാന് താരത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി.വി. സിന്ധു കിരീടം ചൂടി. സ്കോർ: 22-20,11-21,21-18. സിന്ധുവിന്റെ മൂന്നാം സൂപ്പർ സീരിസ് കിരീടമാണിത്.
ആദ്യ ഗെയിമിൽ ഇഞ്ചോടിച്ച് പോരാട്ടത്തിലൂടെയാണ് സിന്ധു ഒകുഹാരയെ മറികടന്നത്. വിന്നിംഗ് പോയിന്റിനായി കടുത്ത പോരാട്ടമാണ് നടന്നത്. എന്നാൽ ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ അയഞ്ഞു. ഇതോടെ മുന്നേറിയ ഒകുഹാരയെ പിടിച്ചുകെട്ടാൻ സിന്ധുവിനായില്ല. ബേസ് ലൈനിൽ നിരന്തരം പിഴവുകൾ വരുത്തിയ സിന്ധുവിനെ ഒകുഹാര അനായാസം പരാജയപ്പെടുത്തി.
എന്നാൽ മൂന്നാം ഗെയിം ജയമുറപ്പിച്ചാണ് സിന്ധു കോർട്ടിലെത്തിയത്. സൂപ്പർ സ്മാഷുകളിലൂടെ എതിരാളിയെ സിന്ധു നിഷ്പ്രഭമാക്കി. വൻ റാലികളിലൂടെ സിന്ധുവിനെ തളർത്താനുള്ള ഒകുഹാരയുടെ ഗ്ലാസ്കോ തന്ത്രവും ഫലിച്ചില്ല. 18-16 ൽ 56 ഷോട്ടുകളുടെ റാലിക്കു ശേഷമാണ് സിന്ധു പോയിന്റ് സ്വന്തമാക്കി യത്.