കുഞ്ഞാലിക്കുട്ടിക്ക് കേരള കോൺഗ്രസ് (എം)ന്‍റെ പിന്തുണ: കെ.എം.മാണി

K M Mani

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കേരള കോൺഗ്രസ് (എം)ന്‍റെ പിന്തുണയുണ്ടാകുമെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി. കേരള കോൺഗ്രസിന്റെ പിന്തുണ മുസ്‍ലിം ലീഗ് നേതൃത്വം അഭ്യർഥിച്ചിട്ടുള്ളതിനാലാണ് ഇങ്ങനെ തീരുമാനം. ഇത് യുഡിഎഫിനുള്ള പിന്തുണയല്ലെന്നും മാണി പറഞ്ഞു .

അരനൂറ്റാണ്ടായി നിലനിൽക്കുന്ന സൗഹൃദത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗും കേരള കോൺഗ്രസുമായി എടുത്ത പ്രത്യേക തീരുമാനമാണിത്. മലപ്പുറത്ത് കേരള കോൺഗ്രസ് കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണത്തിന് ഉണ്ടാകും. യുഡിഎഫ് കൺവെൻഷൻ കഴിഞ്ഞാൽ കേരള കോൺഗ്രസ് പ്രത്യേകമായി കൺവെൻഷൻ നടത്തുമെന്നും കെ.എം.മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലീഗ് സഹോദര പാര്‍ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചെന്നും കെ.എം.മാണി നേരത്തെ പറഞ്ഞിരുന്നു. മുന്നണിയിലെ അസ്വാരസ്യങ്ങൾ മറന്ന് പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണിക്ക് ലീഗ് നേതൃത്വം കത്തെഴുതിയിരുന്നു. മുന്നണിക്കു പുറത്താണെങ്കിലും ഉപാധികളില്ലാതെ പിന്തുണയ്ക്കണമെന്നാണ് ലീഗ് സെക്രട്ടറിയേറ്റ് കെ.എം. മാണിയോട് ആവശ്യപ്പെട്ടത്.