ലോ അക്കാദമിയില്‍ വിദ്യാര്‍ഥികൾ ഏറ്റുമുട്ടി

ലോ അക്കാദമി കോളജിലെ ക്രമക്കേടുകള്‍;സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

പേരൂര്‍ക്കട ലോ അക്കാദമിയില്‍ എസ്എഫ്‌ഐയും മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെട്ട ഐക്യസമിതിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഏഴുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പേരൂര്‍ക്കട ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ, എംഎസ്എഫ് പ്രവര്‍ത്തകരാണ് പരിക്കേറ്റവരില്‍ ഭൂരിപക്ഷവും. വിദ്യാര്‍ഥികളായ ആഷിഖ് അലി, സുബിന്‍, കാര്‍ത്തിക്, അഭിജിത്ത് സുഗതന്‍, ആഷിഖ്, രാഹുല്‍ രാധാകൃഷ്ണന്‍, വിനായകന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈഷ്ണവ്, ഹരീഷ്, ആബേല്‍, അഭിനന്ദ്, എബിന്‍, അന്‍സാര്‍, ബാലമുരളി, ദേവകൃഷ്ണന്‍ എന്നിവരാണ് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ചു.
എംഎസ്എഫ്- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് ഇത് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍കൂടി ഏറ്റെടുക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ രാജിയില്‍ കലാശിച്ച സമരത്തിനിടെ എസ്എഫ്‌ഐയും മറ്റ് വിദ്യാര്‍ഥി സംഘടനകളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായത്്്. അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പാക്കിയശേഷം ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കാംപസില്‍ സമരവുമായി ബന്ധപ്പെട്ട നിലപാടുകളെച്ചൊല്ലി സംഘടനാതലത്തില്‍ അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്നു. പലപ്പോഴും ഇതേച്ചൊല്ലി വാക്കുതര്‍ക്കങ്ങളുമുണ്ടായിട്ടുണ്ട്. ഇന്നലെയും ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് ഇന്ന് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അതേസമയം, ലക്ഷ്മി നായരെ പുറത്താക്കാന്‍ നടന്ന സമരത്തിന് ശേഷം മാനേജ്‌മെന്റും പോലിസും കോളജില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് എസ്എഫ്‌ഐ ഒഴികയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു. ചെറിയ പ്രശ്‌നങ്ങള്‍ പോലും പെരുപ്പിച്ച് കോളജില്‍ സംഘര്‍ഷമുണ്ടാക്കി വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ സര്‍ക്കാര്‍ പോലിസിന് കൂട്ടുനില്‍ക്കുകയാണെന്ന് എഐഎസ്എഫ് ആരോപിച്ചു.